കടുന: ഈ മാസം ആദ്യം വടക്കൻ നൈജീരിയയിലെ കടുനയിലെ ഒരു സ്കൂളിൽ നിന്ന് തോക്കിൻ മുനയിൽ തട്ടിക്കൊണ്ടുപോയ 200ൽ അധികം വിദ്യാർത്ഥികളെയും ജീവനക്കാരെയും മോചിപ്പിച്ചു. മോചനദ്രവ്യമായി 690000 ഡോളർ നൽകിയതിന് പിന്നാലെയാണ് മോചനം സാധ്യമായതെന്നാണ് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയവരെ പരിക്കുകൾ ഒന്നും ഏൽപ്പിക്കാതെയാണ് അക്രമി സംഘം വിട്ടയച്ചതെന്നാണ് വിവരം. കടുന സംസ്ഥാന ഗവർണറുടെ ഓഫീസാണ് തട്ടിക്കൊണ്ടുപോയവരെ വിട്ടയച്ചതായി വിശദമാക്കിയത്. നെജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കടുനയിലെ കുരിഗയിൽ മാർച്ച് 7 നാണ് അസംബ്ലിക്കിടെ തോക്ക് ധാരികൾ സ്കൂളിലേക്ക് എത്തിയത്.
2014ൽ മുതലാണ് ഇത്തരം സംഭവങ്ങൾ വലിയ രീതിയിലുള്ള ആശങ്കയക്ക് വഴിവച്ച് തുടങ്ങിയത്. 2014ൽ ഐഎസ് ഭീകരർ 200ൽ അധികം പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. നൈജീരിയയുടെ വടക്ക് പശ്ചിമ മേഖലയിൽ മാത്രമായി പന്ത്രണ്ടിലധികം സായുധ സംഘങ്ങളാണ് പിടിമുറുക്കിയിട്ടുള്ളത്. വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗ്രാമീണരെ വരെ ഈ മേഖലയിൽ തട്ടിക്കൊണ്ട് പോവുന്നത് പതിവായിട്ടുണ്ട്. നൈജീരിയയുടെ വടക്കൻ മേഖലയിൽ നടക്കുന്ന ഇത്തരം തട്ടിക്കൊണ്ട് പോകലുകളിൽ ഏറിയപങ്കും ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്.